ന്യൂഡൽഹി: റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണ ഉത്പാദക കന്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി കുറയ്ക്കാൻ റിലയൻസ് ഉൾപ്പെടെയുള്ള ഇന്ത്യൻ കന്പനികൾ നിർബന്ധിതരായേക്കും.
റോസ്നെഫ്റ്റ്, ലുക്കോയിൽ എന്നീ റഷ്യൻ കന്പനികൾക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്കയിൽനിന്ന് പിഴത്തീരുവ നേരിടുന്ന ഇന്ത്യ മറികടക്കില്ലെന്നാണു സൂചന. റോസ്നെഫ്റ്റിൽനിന്ന് പ്രതിദിനം ഏകദേശം 5,00,000 ബാരൽ എണ്ണ വാങ്ങാമെന്ന ദീർഘകാല കരാർ ട്രംപ് ഏർപ്പെടുത്തിയ ഉപരോധത്തിനുശേഷം റിലയൻസ് അവസാനിപ്പിക്കുമെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ "റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുടെ ഭാഗത്തുനിന്ന് "ഗൗരവമായ പ്രതിബദ്ധത’ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് യുഎസ് ട്രഷറി വകുപ്പ് റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കന്പനികൾക്ക് ഉപരോധം ചുമത്തിയത്. യുദ്ധത്തിനുള്ള റഷ്യയുടെ സാന്പത്തിക സ്രോതസുകൂടി ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ നടപടി. റഷ്യൻ എണ്ണ വിതരണവുമായി നേരിട്ടു ബന്ധപ്പെട്ടു കിടക്കുന്ന ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ സർക്കാർ കന്പനികളെയും റിലയൻസ് തുടങ്ങിയ സ്വകാര്യ കന്പനികളെയും ബാധിക്കുന്ന നടപടിയാണ് അമേരിക്കയുടേത്.
യുഎസ് ഉപരോധമുള്ള റഷ്യൻ കന്പനികളിൽനിന്ന് നേരിട്ട് എണ്ണ ഇറക്കുമതി ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കരാറുകൾ സൂക്ഷ്മമായി വിലയിരുത്തി വരികയാണു കന്പനികൾ. റഷ്യൻ കന്പനികളുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ നവംബർ 21 വരെയാണ് യുഎസ് ട്രഷറി വകുപ്പ് സമയമനുവദിച്ചിരിക്കുന്നത്. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽനിന്നു മാറിച്ചിന്തിച്ച് ഇന്ത്യ അമേരിക്കയെയും ഒപിഇസിയെയും (പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന) ആശ്രയിക്കണമെന്നാണ് ഊർജ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.